2019 ലെ പഞ്ചായത്ത് ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ മത്സരത്തിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം നേടിയ കഥ
പ്രളയകാലത്തെ പ്രണയം
പ്രണയം തുടങ്ങിയ കാലം മുതല്‍ ഉറക്കമില്ലാത്ത രാവുകളായിരുന്നു. അര്‍ദ്ധരാത്രിയിലും
അവരുടെ പുതപ്പിനടിയിലെ ആന്‍ഡ്രോയിഡ് ഫോണ്‍ അതിവേഗം പ്രണയസന്ദേശങ്ങള്‍
കൈമാറുകയായിരുന്നു. മന്മഥന്റെ അസ്ത്രങ്ങള്‍ പോലെ അവനയച്ച ഓരോ മെസേജുകളും അവളുടെ ഹൃദയത്തിന്റെ
ഉള്ളറകളില്‍ തുളഞ്ഞ് കയറി, ആ
മുറിവുകളില്‍ നിന്നും പ്രണയമൊഴുകി. നാട്ടിലങ്ങോളമിങ്ങോളം ഉണ്ടായ അതി തീവ്രമായ
പ്രളയം ആ പ്രണയത്തെ തെല്ലും ബാധിച്ചില്ല. സോഷ്യല്‍ മീഡിയയിലൂടെ അവരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്
കട്ട സപ്പോര്‍ട്ട് കൊടുക്കുന്നുണ്ടായിരുന്നു.
"ടാ ഇവിടെ പ്രളയം വന്ന് ഞങ്ങളുടെ വീടൊക്കെ മുങ്ങിപ്പോയാല്‍
രക്ഷപെടുത്താന്‍ നീ വരില്ലേ "
പ്രണയ സല്ലാപത്തിനിടയിലെ അവളുടെ പെട്ടെന്നുള്ള ചോദ്യത്തിന് അവന്റെ
ഉത്തരം വളരെ വേഗത്തിലായിരുന്നു.
"നിന്റെ വീട്ടിലെങ്ങാനും പ്രളയം വന്ന്
വെള്ളപ്പൊക്കമുണ്ടായാല്‍, ഒന്ന് ഫോണ്‍ വിളിച്ചിട്ട്
തിരിയുമ്പോള്‍ നീ കാണുന്നത് എന്നെയായിരിക്കും. നിന്നെ രക്ഷിക്കാന്‍ ആര്‍ത്തിരമ്പുന്ന
കടല്‍ കടന്നിട്ടായാലും ഞാന്‍ വന്നിരിക്കും. പക്ഷേ നീ പേടിക്കേണ്ട് നിങ്ങള്‍ താമസിക്കുന്ന
സ്ഥലത്തൊക്കെ വെള്ളപ്പൊക്കമുണ്ടാവുകയെന്നത് അസംഭവ്യം ആണ്."
അവന്റെ മറുപടി അവളെ രോമാഞ്ചകഞ്ചുകമണിയിച്ചു.
പുറത്തെ ചന്നം പിന്നം പെയ്തിരുന്നക്ക് ശക്തി കൂടി വന്നത് പ്രണയ
താപത്തില്‍ അവള് ശ്രദ്ധിച്ചില്ല. കട്ടിലലില് എന്തോ വന്ന് മുട്ടുന്ന ശബ്ദം അവളെ
അലോസരപ്പെടുത്തി. സ്ഥിര സന്ദര്‍ശകനായ കുഞ്ഞന്‍ ചുണ്ടെലി ആയിരിക്കുമെന്ന് കരുതി
അവളത് അവഗണിച്ചു. പക്ഷേ മൂക്കിലേക്ക് അടിച്ചുകയറിയ ചെളിമണം അവളെ പുതപ്പില്‍
നിന്നും തല പുറത്തേക്കിടാന്‍ പ്രേരിപ്പിച്ചു. മൊബൈലിന്റെ വെളിച്ചം തറയില്‍ വല്ലാത്തൊരു
തിളക്കമുണ്ടാക്കുന്നത് അതിശയത്തോടെയാണവള് കണ്ടത്. ആ അതിശയം ആര്‍ത്തനാദമായി
മാറിയത് അവളുടെ ഫോണിലെ ടോര്‍ച്ച് ഓണാക്കിയപ്പോഴാണ്. മുറിയില്‍ നിറയെ വെള്ളം.
തറയില്‍ വച്ചിരുന്ന സാധനങ്ങള്‍ ചിതറിയൊഴുകുകയാണ്. അവളുടെ നിലവിളി അമ്മയെയുണര്ത്തി.
ലൈറ്റിടാനായി സ്വിച്ചമര്ത്തിയപ്പോഴാണ് കറന്റില്ല എന്ന് മനസിലായത്.
മൊബൈലിന്റെ വെളിച്ചത്തില്‍ വാതില്‍ തുറന്ന് പുറത്ത് നോക്കിയപ്പോള്‍ നിലാവില്
തടാകമായി മാറിയ വീടും പറമ്പുമാണ് കണ്ടത്. പലരും പുരയുടെ മുകളില്‍ നിന്നും ടോര്‍ച്ച്
തെളിക്കുന്നുണ്ടായിരുന്നു. എങ്ങും നിലവിളികളും ബഹളങ്ങളും. കഴിഞ്ഞ ദിവസങ്ങളിലെ
പ്രളയവാര്‍ത്തകളും ദൃശ്യങ്ങളും കണ്ട അനുഭവ സമ്പത്തില്‍ അമ്മയും
മകളും മുറിയിലുള്ള സാധനങ്ങള്‍ പെറുക്കി ടെറസില്‍ കൊണ്ട് വയ്ക്കാന്‍ തുടങ്ങി.
അതിനിടയില്‍ അവള് തന്റെ പ്രിയകാമുകനെ പലതവണ വിളിച്ചുവെങ്കിലും അതൊന്നും അവന്റെ
ഗാഢ നിദ്രയെ ഭംഗപ്പെടുത്തിയില്ല. അവന് പുലര്‍കാലത്ത് മനോഹര സ്വപ്നം കാണുകയായിരുന്നു.
നദിയിലൂടെയും പിന്നെ മേഘങ്ങളിലൂടെയും ഒഴുകിപ്പറക്കുന്ന നൌകയില്‍ ദേവസേനയൊടൊപ്പം
ആടിപ്പാടുന്ന ബാഹുബലിയായി താന്‍...
വെള്ളത്തിന്റെ നില വളരെ വേഗം ഉയരുകയായിരുന്നു. സഹായത്തിനായി അവള്
പലരെയും വിളിച്ചെങ്കിലും ഫോണുകള്‍ സ്വിച്ച് ഓഫ് ആയിരുന്നു. ബാറ്ററി ലോ എന്ന് തന്റെ
ഫോണ്‍ പരിതപിക്കുന്നത് ഒരു നടുക്കത്തോടെ അവള് കണ്ടു. അവന്റെ വാട്സ്പ്പിലേക്ക്
അവള് സഹായത്തിനായി മെസേജിട്ട് കാത്തിരുന്നു. അവന് വരുമെന്നവള്‍ക്ക് ഉറപ്പുണ്ടായിരുന്നു.
അമ്മ വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു. ഭയം അവരെ വല്ലാതെ
വേട്ടയാടിയിരുന്നു. കുട്ടനാട്ടിലുള്ള അച്ഛന്റെ കുടുംബവീട്ടില്‍ പോകാന്‍ തോണിയില്‍
കയറുമ്പോള്‍ അമ്മ കണ്ണുകളിറുക്കിപ്പിടിച്ചിരിക്കുന്നത് അവള്
കണ്ടിട്ടുണ്ടായിരുന്നു. അപ്പോഴമ്മയുടെ ഹൃദയമിടിപ്പിന്റെ ശബ്ദം കേള്‍ക്കാമെന്ന്
അവള്‍ക്ക് തോന്നിയിട്ടുണ്ട്. വെള്ളത്തെ അമ്മക്ക് വല്ലാത്ത ഭയമായിരുന്നു. കണ്ണടച്ച്
തുറക്കുന്ന വേഗത്തില്‍ വീടിന്റെ താഴത്തെ നില വെള്ളത്തിലായിക്കഴിഞ്ഞിരുന്നു.
കഴിഞ്ഞ അവധിക്ക് അച്ഛന് നാട്ടില്‍ വന്നപ്പോള്‍ പുരയ്ക്ക് മുകളില്‍ ഫുള്‍ റൂഫ്
ചെയ്തതുകൊണ്ട് നനയാതെ ഇവിടെ നില്ക്കാം, അതിലവര്‍ക്ക്
ആശ്വാസം തോന്നി. പക്ഷേ ഇനിയുമുയരെ വെള്ളം കയറിയാല്‍ ? ആ
ചിന്ത അവരില്‍ ഒരു നടുക്കമുണ്ടാക്കി.
അല്പം ഉയര്‍ന്ന പ്രദേശത്തെ കുറച്ച് വീടുകളിലൊന്നാണ് അവരുടേത്. ഒരു
ചെറിയ കുന്നിടിച്ച് ഒരു റിയല്‍ എസ്റ്റേറ്റ് കാരന് പണിത് വിറ്റ വീടുകളിലൊന്ന്.
ചുറ്റിനും താഴ്ന്ന പ്രദേശങ്ങളാണ്. വയലും ചതുപ്പും,. അവിടെ ആ
റിയല്‍ എസ്റ്റേറ്റുകാരന് വയല്‍ നികത്തി പണിത വീടിന്റെ രണ്ടാം നിലയിലൂടെ
വെള്ളമൊഴുകുന്ന കാഴ്ചയാണ് നേരം പുലര്‍ന്നപ്പോള്‍ അവരാദ്യം കണ്ടത്. അങ്ങേരുെ
ആഡംബരകാറുകള്‍ മുറ്റത്തൊഴുകി നടക്കുന്നു. കണ്ണെത്താദൂരത്തോളം വെള്ളം. രക്ഷപ്പെടാന്‍
ഒരു മാര്‍ഗ്ഗവുമില്ല. സഹായത്തിനായി കേഴുന്ന മുഖങ്ങളാണ് സമീപത്തെ ടെറസുകളില്‍ മുഴുവന്‍.
അവളുടെ ഫോണിലെ ബാറ്ററി ചരമഗീതം പാടാന്‍ തുടങ്ങി, ഫോണ്‍ കണ്ണടക്കും മുന്പവന്റെ മെസേജ് വരുമെന്നവള്‍ക്കുറപ്പായിരുന്നു.
താന്‍ അപകടത്തിലാണെന്നറിയുമ്പോള്‍ അവന് ഓടിപ്പാഞ്ഞെത്തും, തിരക്ക്
പിടിച്ച് അപകടമൊന്നും വരുത്തിവയ്ക്കരുതെന്നവനെ പറഞ്ഞ് മനസിലാക്കണം.
അവന് ഓണ്‍ലൈനില്‍ വരുമ്പോ പറയേണ്ടതൊക്കെ അവള് മനസില്‍
കണക്കുകൂട്ടി വച്ചു. അവളുടെ കാത്തിരിപ്പ് വിഫലമായില്ല. അവന് വന്നു, ഓണ്‍ലൈനില്‍.
" നീ പേടിക്കണ്ട നേവിക്കാരോ, പോലീസോ, സന്നദ്ധ പ്രവര്‍ത്തകരോ അവിടെ രക്ഷാപ്രവര്‍ത്തനത്തിന് വരും, ഞാന്‍ ചാനലില്‍ വിളിച്ച് പറഞ്ഞിട്ടുണ്ട്. ഫെയ്സ്ബുക്കില്‍ ഒരു പോസ്റ്റും
ഇട്ടിട്ടുണ്ട്. ഇപ്പോത്തന്നെ 30 ഷെയറും 148 ലൈക്കുമായി, മിക്കവാറും 1000 ലൈക്ക്
കിട്ടും, നീ പേടിക്കണ്ട" ഇതായിരുന്നു അവന്റെ മേസേജ്.
"നീ വരില്ലേ ഇങ്ങോട്ട് , എന്നെ രക്ഷിക്കാന്‍ "
അത് ചോദിക്കുമ്പോള്‍ അവള് കരയുകയായിരുന്നു.
"അയ്യോ ആ ഭാഗത്തേക്കെങ്ങും വരാന്‍ കഴിയില്ല , കംപ്ലീറ്റ്
വെള്ളമാ. എനിക്കാണേല്‍ നീന്തലുമറിയില്ല. പിന്നെ ഈ പെരുമഴയത്ത് വീട്ടീന്നിറങ്ങിയാല്‍
അമ്മ വഴക്കും പറയും.. നീ പേടിക്കേണ്ട ദേ തുരുതുരാ ലൈക്ക് കിട്ടുന്നുണ്ട് എന്റെ
പോസ്റ്റിന്. എന്തായാലും നിങ്ങള്‍ ഉടനെ രക്ഷപെടും . ഞാന്‍ നല്ല പോലെ പ്രാര്‍ത്ഥിക്കുകയും
ചെയ്യാം, ദേ അമ്മ വിളിക്കുന്നു, ഞാന്‍
ചായ കുടിച്ചിട്ട് വരാം " മറുപടിക്കൊന്നും നില്‍ക്കാതെ അത്രയിം പറഞ്ഞ് അവന്
പോയി.
ആര്‍ത്തിരമ്പുന്ന കടല്‍ കടന്ന് വരാമെന്ന് പറഞ്ഞ മൊതലാണ്, അമ്മ വഴക്ക് പറയും പോലും... കഷ്ടം.... അവള്‍ക്ക് അന്നോളം കൈമാറിയ പൊള്ളയായ
സന്ദേശങ്ങളോര്ത്ത് ലജ്ജ തോന്നി. ഫോണ്‍ സ്വിച്ചോഫ് ചെയ്ത് വക്കാനാണ് അവള്‍ക്ക്
തോന്നിയത്. പക്ഷേ അത് വേണ്ടി വന്നില്ല ഫോണ്‍ തനിയെ ഓഫായി.
വള്ളം തുഴഞ്ഞ് വന്ന ആരൊക്കെയോ ഭക്ഷണപൊതികള്‍ എറിഞ്ഞ് തന്നു.
പേടിക്കേണ്ട പിറകെ രക്ഷിക്കാന്‍ ആളുവരുമെന്നാശ്വസിപ്പിച്ച് പോയി. പറഞ്ഞത് പോലെ
ഉച്ചക്ക് ശേഷം ഒരു ബോട്ട് പതിയെ വന്നു. അയല്‍വക്കത്തുള്ളവരെ ഓരോരുത്തരെയായി അതില്‍
കയറ്റി. എന്നാല്‍ ആ ബോട്ടിന് അവളുടെ വീട്ടിനടുത്തേക്ക് എത്താന്‍ കഴിഞ്ഞില്ല. ചുറ്റുമതിലിന്റെ
ഉയരക്കൂടുതലും മതിലിനുമുകളില് സ്ഥാപിച്ച കൂര്‍ത്ത കമ്പികളും
ബോട്ടിനെ അങ്ങോട്ട് പ്രവേശിക്കുന്നതില്‍ നിന്നും തടഞ്ഞു. തന്റെയും അമ്മയുടെയും
സുരക്ഷക്കെന്ന് പറഞ്ഞ് അച്ഛന് ഉണ്ടാക്കിയതാ അത്രയും പൊക്കമുള്ള മതില്. അയല്‍ക്കാരുടെ
തുറിച്ച് നോട്ടങ്ങളും ഒഴിവാക്കാമത്രെ..... വേറെ രക്ഷാപ്രവര്‍ത്തകര്‍ വരുമെന്ന്
പറഞ്ഞ് ബോട്ടിലുള്ളവര്‍ മടങ്ങി. കണ്ണെത്താദൂരത്തോളം വെള്ളത്തിന് നടുക്ക് അവളും അമ്മയും
തീര്‍ത്തും ഒറ്റപ്പെട്ടു.
പകല്‍ രാത്രിക്ക് വഴിമാറി. ഇരുട്ടില്‍ വെള്ളത്തില്‍ ഒഴുകി വന്ന
പാമ്പുകള്‍ അവരെ ഭയപ്പെടുത്തി. ഭയാനകമായ ഏകാന്തത. വിശപ്പും ദാഹവും അവരെ അലട്ടി.
ഇന്നേദിവസം ജലപാനം ചെയ്തിട്ടില്ല. എന്തിന് പ്രഥമിക കൃത്യങ്ങള്‍ പോലും
ചെയ്തിട്ടില്ല. ഒന്നാം നില പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. ബാത്ത് റൂം
താഴെയാണ്. രക്ഷാപ്രവര്‍ത്തകര്‍ നല്കിയ ബ്രഡ് അമ്മയും മകളും പങ്കിട്ട് കഴിച്ച് വിശപ്പടക്കി.
അവശേഷിച്ച കുപ്പിവെള്ളം അവരിരുവരുടെയും ദാഹമകറ്റാന്‍ പര്യാപ്തമായിരുന്നില്ല.
വെള്ളത്തിന് നടുവില്‍ കുടിവെള്ളമില്ലാതെ അവര്‍ തളര്‍ന്നിരുന്നു. നേരം പുലരുമ്പോള്‍
രക്ഷിക്കാനാളെത്തുമെന്ന പ്രതീക്ഷയില്‍.
ഭയവും ഏകാന്തതയും സമ്മാനിച്ച തളര്‍ച്ചയില്‍ മയങ്ങിപ്പോയ അവരെ ഉണര്‍ത്തിയത്
ആകാശത്ത് വട്ടമിട്ട് പറന്ന ഹെലികോപ്ടറിന്റെ ശബ്ദമാണ്. എന്നാല്‍ ടെറസ് മുഴുവനും
ഷീറ്റ് മേഞ്ഞ് സുരക്ഷിതമാക്കിയതിനാല്‍ ആകാശക്കാഴ്ചകള്‍ അവര്ക്കന്യമായി. രക്ഷിക്കണേയെന്നുള്ള
അവരുടെ നിലവിളികള്‍ ഹെലികോപ്ടറിന്റെ ശബ്ദത്തിന് മേലെയെത്താന്‍
പര്യാപ്തമായിരുന്നില്ല. അവളുടെയും അമ്മയുടെയും നിലവിളികള്‍ കേള്‍ക്കാതെ
പുരപ്പുറത്ത് ആശയറ്റ് നിന്ന അവരെ കാണാതെ ഹെലികോപ്ടര്‍ പോയി. ജലനിരപ്പ് ടെറസിന്
മുകളിലെത്തി കാലുകളെ നനയിച്ചു തുടങ്ങി. ഇനി മരണമാണ് മുന്നിലെന്നവള് ഉറപ്പിച്ചു.
അറിയാവുന്ന മുഴുവന്‍ ദൈവങ്ങളഎയും വിളിച്ചവള്‍ കരഞ്ഞു. ആ രാത്രി അവസാനിക്കുമ്പോള്‍
ആ അവളും അമ്മയും നിലത്ത് നിറഞ്ഞ വെള്ളത്തില്‍ തളര്‍ന്നിരിക്കുകയായിരുന്നു.
പിറ്റേ പ്രഭാതത്തില്‍ എന്തെങ്കിലും അദ്ഭുതം സംഭവിക്കുമെന്നവള്‍
വെറുതേ പ്രത്യാശിച്ചു. ആരുടെയോ ശബ്ദമാണ് അവളെ ഉണര്‍ത്തിയത്. അമ്മ ഭിത്തിയില്‍ ചാരി
ബോധം നശിച്ച് കിടക്കുകയായിരുന്നു. അവവള് പതിയെ എണീറ്റു. കണ്ണിലാദ്യം തടഞ്ഞത് ഒരു
വള്ളമായിരുന്നു. ഒപ്പം രണ്ട് ചെറുപ്പക്കാരും, ഒരാള്‍ വള്ളത്തിലും
മറ്റോരാള്‍ വെള്ളത്തിലും. വെള്ളത്തിിലുള്ളയാളഅർ പതിയെ വള്ളം ടെറസിന് ചേര്‍ത്ത്
നിര്‍ത്തി. രണ്ടാളും ടെറസിലേക്ക് കയറി. അമ്മയെ ഇരുവരും ചേര്‍ന്ന്
കൊച്ചുകുഞ്ഞിനെയെന്ന പോലെ താങ്ങിയെടുത്ത് വള്ളത്തില്‍ കിടത്തി. പിന്നാലെ അവളെയും
പിടിച്ച് കയറ്റി. അവളപ്പോളഅ ജീവിതത്തിലാദ്യമായി ദൈവങ്ങളെ കാണുകയായിരുന്നു.
വള്ളം പതിയെ തുഴഞ്ഞു. വെള്ളത്തില്‍ മുങ്ങിനിന്ന കെട്ടിടങ്ങള്‍ക്കിടയിലൂടെ
വള്ളം തുഴഞ്ഞ് നീങ്ങി.
"എന്തിനാ കൊച്ചെ ഇത്രയും പൊക്കത്തില്‍ മതില്
കെട്ടിപ്പൊക്കിയത്. പോരെങ്കില്‍ അതിന്റെ മണ്ടക്ക് കൂര്‍ത്ത കുറേ കമ്പിയും..."
അത് പറയുമ്പോഴാണ് അവള് കണ്ടത് ആ ചെറപ്പാക്കാരന്റെ വയറിന്റെ ഒരു വശത്ത് കമ്പി
തുളഞ്ഞ് കയറിയ വലിയ മുറിവില്‍ നിന്നും രക്തമൊഴുകുന്നു. അവള് അത് കണ്ട് ഭയന്ന്
നിലവിളിച്ചു. പക്ഷേ അയാള്‍ തലയില്‍ കെട്ടിയിരുന്ന തോര്‍ത്തെടുത്ത് ആ മുറിവ്
മുറുക്കി കെട്ടി, ഒന്നും സംഭവിക്കാത്തത് പോലെ പുഞ്ചിരിച്ച്
കണ്ണടച്ച് കാണിച്ചു. " ഇവിടൊക്കെ വെള്ളം കയറിയെന്നറിഞ്ഞ് വന്നതാ ഞങ്ങള്‍,
കടപ്പുറത്തൂന്ന്.... ഞങ്ങള്‍ക്കീ വെള്ളമൊന്നും ഒരു സംഭവമല്ല,
കരകാണാ കടലിനോട് മല്ലടിച്ച് ജീവിക്കുന്നവരാ ഞങ്ങള്‍.. ഇവിടെ ആള്ക്കാര്
ജീവന് വേണ്ടി കേഴുന്ന കാണുമ്പോള്‍ ഞങ്ങക്കെങ്ങനാ മനസമാധാനമായി അവിടിരിക്കാന്‍
പറ്റുന്നത്. അതാ വള്ളവും ലോറിക്കയറ്റി ഇങ്ങ് പോരുന്നത്. "
അച്ഛന് കഴിഞ്ഞ അവധിക്ക് വന്നപ്പോഴാണ് അമ്മയെയും അവളെയും കൂട്ടി
ബീച്ച് കാണാന്‍ പോയത്. കടപ്പുറത്തെ കുടിലുകളുടെ ഭാഗത്തേക്ക്
താന്‍ നടന്നപ്പോള്‍ അച്ഛന് വഴക്ക് പറഞ്ഞതവള്‍ ഓര്‍ത്തു. "മോളെ അങ്ങോട്ടൊന്നും പോകേണ്ട... കടപ്പുറത്തുള്ള ആള്‍ക്കാരാ...മീന്‍
നാറ്റമുള്ളവരാ..... അവര്‍ക്ക് നമ്മളെപ്പോലെ പെരുമാറാനൊന്നും അറിയില്ല.
ചീത്തക്കൂട്ടങ്ങളാ...."
കാറ്റിന്റെ ഇരമ്പം
വല്ലാതെ കൂടി വരുന്നുണ്ടായിരുന്നു. നേരം പുലരാറായിരിക്കുന്നു. പ്രളയം ഇന്നലെ കഴിഞ്ഞത്
പോലെ തോന്നി. പ്രളയവും പ്രണയവും വിവാഹവും അവളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളാണ്
വരുത്തിയത്. പ്രണയം അംഗീകരിക്കാന്‍ സ്വന്തം അച്ഛനുമമ്മയും പോലും തയ്യാറായില്ല.
പുകഞ്ഞകൊള്ളി പുറത്ത്, അതായിരുന്നു അവരുടെ നിലപാട്. പക്ഷേ
അവള് തെല്ലും പതറിയില്ല . മഹാപ്രളയം അവള്‍ക്ക് ഒരുപാട് തിരിച്ചറിവുകള്‍ നല്‍കിയിരുന്നു.
ധൈര്യം നല്‍കിയിരുന്നു.
ഒരു ചെറുമയക്കത്തിനുള്ള നേരം കൂടിയുണ്ട്.
പുലരിയിലെ മകരമഞ്ഞിന്റെ തണുപ്പില്‍ പുതച്ചുറങ്ങാന്‍ അവള്‍ക്ക് പണ്ടേ വലിയ
ഇഷ്ടമായിരുന്നു. ജനാലയിലൂടെ വന്ന് കാറ്റിന്റെ ചൂട് അവളെയുണര്ത്തുമ്പോള് താഴെ
കടപ്പുറത്ത് ചാകര വന്നതിന്റെ ആരവം കേള്‍ക്കുന്നുണ്ടായിരുന്നു. അവള് തീരത്തേക്ക്
ഓടിച്ചെന്നു. അവന്റെയരികിലേക്ക് . ആവന്റെ ബലിഷ്ടമായ കൈകളില്‍ അവള്‍ക്കായി
വലിയൊരു മീനുണ്ടായിരുന്നു. അതുമായി വള്ളത്തില്‍ നിന്നിറങ്ങി അവള്ക്കിരകിലെത്തി. അരികിലെത്തിയപ്പോള്‍
ഉമ്മക്കായി കവിള് കാട്ടിയപ്പോള്‍ മീന്നാറ്റമെന്നവള് കളിയാക്കി. പിന്നെ
പൊട്ടിച്ചിരിച്ചു. തീരത്ത് തട്ടിച്ചിതറുന്ന തിരപോലെ...... അവനെ ചേര്‍ത്ത് പിടിച്ച്
വീട്ടിലേക്കവള്‍ നടന്നു. അവളുടെ കൈകളപ്പോഴും അവന്റെ വയറിലെ മുറിപ്പാടില്‍
തഴുകുകയായിരുന്നു.
രഞ്ജിത്.ആർ
സീനിയർ ക്ലർക്ക്,
ഡിഡിപി ഓഫീസ്
#STORY #RENJITH R #PRALAYAKALATHE PRANAYAM