Friday, 3 July 2020

കവിത - അവൾ

2020 ലെ പഞ്ചായത്ത് ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ മത്സരത്തിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടിയ കവിത
 
 അവൾ

അവൾ
അച്ഛന്‍റെ ത്രിമാന കണ്ണടയിലൂടെ സ്വപ്നങ്ങൾ കണ്ടവൾ..

അമ്മയുടെ വേദാന്തയടുപ്പിൽ
വിറകായ് ഒതുങ്ങിയവൾ..

അവൾ
അവളിലെ അവളെ ബന്ധിപ്പിക്കാൻ ചങ്ങല കൊടുത്തവൾ..
നനഞ്ഞ കരി പാവാടയ്ക്ക് നൽകി
ഉണങ്ങിയ താളുകൾ മറിച്ചവൾ...
കരയുന്ന പുഴയും ചിരിക്കുന്ന പൂക്കളും ചില്ലുപെട്ടിയിൽ കണ്ട്
സംതൃപ്തയായവൾ...

അവൾ 
നിലാവിന്‍റെയൊരു തുണ്ട്,
അടുക്കളയിലെ ചൂടിൽ വേകും വരെ....
അവളുടെ കണ്ണുകൾ, നനഞ്ഞ നക്ഷത്രപ്പൂവിൽ നിന്നൊരിതൾ 
നോവ് കരിഞ്ഞ കറുപ്പേറ്റിരിണ്ടു പോകും വരെ. 
മാംസവും കണ്ണീരും ചോരയും പാകത്തിന് - 
അടുക്കളയിലെ ചൂടാറാത്ത ചില്ലു പാത്രത്തിൽ അവളും ഭദ്രം.

അവൾ
വേനലിൻ മുന്നിലെ വസന്തം
ജീവിതത്തിന്റെയീർച്ചവാൾ മുനക്കിടയിൽ യൗവ്വനം തുന്നിയയുടുപ്പു കീറിപ്പോകും വരെ.
അവൾ
വെട്ടിയൊതുക്കപ്പെട്ട ചിറകിനു വേണ്ടി സ്വന്തമായൊരാകാശം മെനഞ്ഞവൾ.. 
ജാലകമില്ലാത്ത കൂട്ടിനുള്ളിൽ കാറ്റും വെളിച്ചവും നിറച്ചു വച്ച് പങ്കിട്ടു കൊടുത്തവൾ..
കത്തുന്ന ചന്ദനത്തിരി ഗന്ധത്തിൽ ആളിക്കത്താതെ എരിഞ്ഞുതീരുന്നവൾ 
മൗനത്തിലൊരു സാഗരമൊളിപ്പിച്ച്‌ നെറ്റിയിലെ വിയർപ്പിലലിയിക്കുന്നവൾ 
 മണ്ണിനടിയിലെ വേരുകൾ പോലെ ആഴങ്ങളിൽ അസ്തിത്വം തിരയുന്നവൾ.

അവൾ

മരുഭൂമിയേയും മഹാപ്രവാഹങ്ങളെയും ഒരേ വാതിലിൽ കൂടി സ്വീകരിച്ചവൾ.. 
തിളയ്ക്കുന്ന സാഗരത്തിനു മുകളിലെ നൂൽപ്പാലത്തിൽ കൂടി ഒലിവു മരത്തിന്റെയൊരു ചില്ല നെഞ്ചോടു ചേർത്ത് പിടിച്ചു നടക്കുന്നവൾ...

അവൾ.

**********************************************

ബിജു ആനന്ദ്,
അക്കൗണ്ടൻറ്,
തേവലക്കര ഗ്രാമപഞ്ചായത്ത്


#Biju Anand #Kavitha #Aval

2 comments: